Search This Blog

Monday, March 30, 2015

ഹൂതികൾ നവോഥാന നായകരോ ???

ഹൂതികൾ നവോഥാന നായകരോ ???
ശിയായിസതിന്റെ വിഴുപ്പുകൾ പേറി അഹ്ലുസുന്നയെ കശാപ്പു ചെയ്യാൻ നടക്കുന്ന ,സ്വഹാബതിനെ ചീത്ത പറയുന്ന രാഫിളികൾ എന്നാണു തേജ്ജസുകാരാ താങ്കൾക്കു നവോഥാന നായകർ ആയതു ...അതോ സ്വന്തം വേരുകൾ നോവോധാനതിന്റെ ഈ ഉറവിടത്തിൽ നിന്നാണ് എന്ന കുറ്റസമ്മതമോ ???

----------------------------------------------------------------------------------------------

ആസ്വിഫതുല്‍ ഹസം' - അറബ് ലോകത്ത് ഇറാന്‍ നടത്തുന്ന രഹസ്യ അജണ്ടകള്‍ക്കുള്ള തിരിച്ചടി.

الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛ 

 
യമനില്‍ റാഫിദിയാക്കളും സൗദിയുടെ നേതൃത്വത്തില്‍ അണിനിരന്ന മുസ്‌ലിം രാഷ്ട്രങ്ങളും തമ്മില്‍ നടക്കുന്ന യുദ്ധം നമ്മുടെയെല്ലാം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. ചിലര്‍  മൊഴിയുന്ന പോലെ യമനില്‍ നിലനിന്നിരുന്ന ആഭ്യന്തര കലഹത്തില്‍ സൗദി നടത്തിയ ഒരനാവശ്യ ഇടപെടലായിരുന്നില്ല അത്. മറിച്ച് ഹൂതികള്‍ എന്നറിയപ്പെടുന്ന യമനിലെ റാഫിദിയാക്കള്‍ ക്ഷണിച്ചുവരുത്തിയ ഒരു സംഘട്ടനമാണ്.  അതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ട്.

 കാലങ്ങളോളമായി യമനിലെ മുസ്ലിമീങ്ങള്‍ക്ക് നേരെ ഭീഷണിയും അക്രമങ്ങളും അഴിച്ചുവിട്ടിരുന്നവരായിരുന്നു ഹൂതികള്‍. മൂന്ന്‍ ദിവസം മുമ്പ് തുടങ്ങിയ 'ആസിഫതുല്‍ ഹസം' എന്ന സൗദീ വ്യോമാക്രമണത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ യമന്‍ സൗദി അതിര്‍ത്തി  പ്രദേശത്ത് സായുധ സംഘത്തെ വിന്യസിക്കുകയും കാലങ്ങളായി സൗദി അതിര്‍ത്തി ഭേദിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് ഹൂതികള്‍. യമനിലെ ആഭ്യന്തര കലാപം മുതലെടുത്ത്‌ അവിടത്തെ മുന്‍ഭരണാധികാരിയായിരുന്ന അലി അബ്ദല്ല സ്വാലിഹിന്‍റെ ഒത്താശയോടെ അവര്‍ യമന്‍ തലസ്ഥാനമായ സ്വന്‍ആ' കയ്യടക്കി.  ആഭ്യന്തര കലാപത്തെ മറയാക്കി അഹ്ലുസ്സുന്നയുടെ ആളുകള്‍ താമസിച്ചിരുന്ന പ്രവിശ്യകള്‍ തിരഞ്ഞുപിടിച്ച് ഹൂതികള്‍ നടത്തിയിരുന്ന അതിക്രമങ്ങള്‍ മുന്‍പ് നാം കേട്ടതാണ്.

ശേഷം നമ്മള്‍ കണ്ടത് അലി അബ്ദല്ല പുറത്തായ ശേഷം തിരഞ്ഞെടുക്കപ്പെട്ട അബ്ദുറബ്ബ് ഹാദിയെ തങ്ങളുടെ ആശയക്കാരനല്ല എന്ന കാരണത്താല്‍ സായുധ നീക്കത്തിലൂടെ പുറത്താക്കി ഹൂതികള്‍ യമന്‍ പിടിച്ചെടുത്തു. പ്രദേശവാസികളുടെ എളിയ ചെറുത്ത് നില്പ് അവര്‍ നിഷ്കരുണം നേരിടുകയും വളരെ വൈകാതെ ഇറാനിന്റെ ഒത്താശയോടെ യമന്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇറാനിയന്‍ (ശിയാ) സാമ്രാജ്യത്തിന്‍റെ തുടക്കമാണ് നാല് അറബ് രാഷ്ട്രങ്ങള്‍ കയ്യിലൊതുക്കി തങ്ങള്‍ തുടക്കമിട്ടത് എന്ന് പരസ്യമായി പറയാന്‍ പോലും അവര്‍ മടിച്ചില്ല. ഉസ്മാനിയാക്കളുടെ തലസ്ഥാനമായിരുന്ന ബാഗ്ദാദ്, അബ്ബാസിയാക്കളുടെ തലസ്ഥാനമായിരുന്ന ദിമശ്ഖ് അതുകൂടാതെ ലബനാന്‍, യമന്‍ ഇവയെല്ലാം തങ്ങളുടെ കൈപിടിയിലാണ് എന്ന് അബ്ദുല്‍ മലിക് ഹൂതിയെ പോലെയുള്ളവര്‍ പരസ്യമായി മീഡിയക്ക് മുന്നില്‍ വിളമ്പിയതാണ്.

ഇവിടെ സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ഒരു ചോദ്യമാണ് അറബ് ലോകത്ത് ഇറാനെന്ത്‌ കാര്യം എന്നുള്ളത് ?!. സ്വാഭാവികമായും അവര്‍ക്ക് ചില രഹസ്യ താല്പര്യങ്ങളുണ്ട്. തങ്ങളുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സായുധ സംഘങ്ങളെ ഉള്‍ക്കൊള്ളിച്ച് സായുധ നീക്കത്തിലൂടെ അറബ് രാഷ്ട്രങ്ങള്‍ കയ്യിലൊതുക്കി 'ഇറാനിയന്‍ എംപയര്‍' എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുക എന്നത് തന്നെയാണ് ആ രഹസ്യ താല്പര്യം. അതുമായി ബന്ധപ്പെട്ട ശിയാ ലോബിയുടെ രഹസ്യ അജണ്ട നേരത്തെ ചോര്‍ന്നതുമാണ്.

സിറിയയില്‍ രണ്ടര ലക്ഷത്തോളം വരുന്ന മുസ്ലിമീങ്ങളെ വധിച്ചതുമായി ബന്ധപ്പെട്ട് ഇറാനിയന്‍ സൈന്യത്തിന്‍റെ പങ്ക് വെളിച്ചത്ത് വന്നപ്പോള്‍ ആദ്യം അവര്‍ നിഷേധിച്ചു. അവിടത്തെ കാര്യങ്ങളെക്കുറിച്ച് അറിയാന്‍ നയതന്ത്രജ്ഞര്‍ മാത്രമാണ് അവിടെയുള്ളത് എന്നായിരുന്നു ഔദ്യോഗിക  വിശദീകരണം. പക്ഷെ ഇറാനിയന്‍ സൈന്യത്തിന്‍റെ പങ്ക് മാധ്യമങ്ങള്‍ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നപ്പോള്‍ അതിനെ ന്യായീകരിച്ചു.

ആശയപരമായും നയതന്ത്രപരമായും സൌദിയെപ്പോലുള്ള ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന് ഭീഷണിയായ ഇറാനിയന്‍ സ്വാധീനം മേഖലയില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ സ്വാഭാവികമായും ആ അപകടത്തെ പ്രതിരോധിക്കേണ്ടത് സര്‍വ മുസ്‌ലിം രാഷ്ട്രങ്ങളുടെയും ബാധ്യതയും കടമയുമാണ്. പ്രത്യേകിച്ചും സൗദി വ്യോമ ആക്രമണം തുടങ്ങുന്നതിന് ദിവസങ്ങള്‍ മുന്‍പ് യമന്‍ കൈയടക്കിയത് പോലെ ഇനി ഞങ്ങള്‍ സൗദിയും മറ്റു അറബ് രാഷ്ട്രങ്ങളും കൈയടക്കുമെന്ന ഭീഷണി ഹൂതികളുടെ നേതാവ് അബ്ദുല്‍ മലിക് മുഴക്കിയത് വളരെ പരസ്യമായാണ്. യഥാര്‍ത്ഥത്തില്‍ അവരുടെ അഹങ്കാരത്തിന് തടയിടാന്‍ അല്പം   വൈകി എന്നുവേണം പറയാന്‍.

ഇനി വ്യോമാക്രമണം തുടങ്ങിയതിനു ശേഷം ഹൂതികള്‍ എടുത്ത നിലപാടാണ് ഏറെ അതിശയകരം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലേക്ക് തങ്ങളുടെ ആയുധ ശേഖരങ്ങള്‍ മാറ്റി. വീടുകള്‍ക്ക് മുകളിലായി മിസൈലുകള്‍ സ്ഥാപിച്ചു. അറബ് രാഷ്ട്രങ്ങള്‍ ജനങ്ങളുടെ മേല്‍ വ്യോമാക്രമണം നടത്തുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ജനങ്ങളുടെ മേല്‍ ആയുധ പ്രയോഗങ്ങള്‍ നടത്തി. എന്നാല്‍ വിമാനങ്ങള്‍ നടത്തുന്ന ആക്രമണവും മറ്റും തിരിച്ചറിയാന്‍ കഴിവുള്ള യമന്‍ ഗോത്രങ്ങള്‍ ഹൂതികള്‍ക്ക് നേരെ തിരിയാന്‍ അതൊരു കാരണമായി എന്നതല്ലാതെ യാതൊരു പ്രയോജനവും അതുകൊണ്ട് ഉണ്ടായില്ല.


സൗദിയുടെ നേതൃത്വത്തില്‍ അറബ് രാഷ്ട്രങ്ങള്‍ നടത്തുന്ന ആക്രമണം ഒരിക്കലും ഒരു സുപ്രഭാതത്തില്‍ ആരംഭിച്ചതായിരുന്നില്ല. ദിവസങ്ങളോളം ചര്‍ച്ചകള്‍ക്കായി ഹൂതികളെ ക്ഷണിക്കുകയും സമാധാന സംഭാഷണങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. പക്ഷെ അതവര്‍ നിരസിക്കുകയും  തങ്ങളുടെ അഹങ്കാരം കലര്‍ന്ന പ്രഖ്യാപനങ്ങള്‍ തുടരുകയുമായിരുന്നു. യമന്‍ പ്രധാനമന്ത്രിയെ അവിടെ നിന്നും ആട്ടിയോടിച്ചു. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് അറബ് രാഷ്ട്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇതില്‍ ഇടപെട്ടത്. മാത്രമല്ല പരിശുദ്ധ ഹറമുകള്‍ നിലകൊള്ളുന്ന സൗദിയെ സംരക്ഷിക്കുക എന്ന സുപ്രധാന ദൗത്യവും ഇതിനു പിന്നിലുണ്ട്. കാലങ്ങളായ സൗദി അതിര്‍ത്തിയില്‍ സായുധ നീക്കം നടത്തുന്ന ഹൂത്തികള്‍ യമനില്‍ നിലയുറപ്പിച്ചാല്‍ സൗദിയെയും മറ്റു അറബ് രാഷ്ട്രങ്ങളെയും ആക്രമിക്കുകയും ഇറാനിന്റെ ഒത്താശയോടെ അവിടെ ആഭ്യന്തര കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നത് ഉറപ്പ്.

നാലോളം രാഷ്ട്രങ്ങള്‍ തുടങ്ങി വച്ച് ഇന്ന് പന്ത്രണ്ട് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന മുന്നേറ്റമാണ് 'ആസിഫതുല്‍ ഹസം'. അത് അതിന്‍റെ കൃത്യമായ ലക്ഷ്യങ്ങള്‍ നിറവേറ്റി മുന്നേറുന്നതില്‍ നമുക്ക് അല്ലാഹുവിനെ സ്തുതിക്കാം. മാത്രമല്ല അറബ് ലോകത്തെ പ്രശ്നങ്ങളെ നേരിടാന്‍ സജ്ജമായ ഒരു പുതിയ സഖ്യമാണ് 'ആസിഫതുല്‍ ഹസ്മി'ലൂടെ ഉണ്ടായത്. അല്ലാഹു സല്‍മാന്‍ രാജാവിന് ഏറ്റവും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള എല്ലാ തൌഫീഖ്  നല്‍കുമാറാകട്ടെ .. ഏറ്റവും ഉചിതവും യുക്തിസഹജവുമായ തീരുമാനം എന്നാണ്  സൗദി പണ്ഡിത സഭ 'ആസിഫതുല്‍ ഹസ്മി'നെ സംബന്ധിച്ച് വിശേഷിപ്പിച്ചത്.

മലിക് ഫഹദിന് കുവൈറ്റ്‌ മോചിപ്പിക്കാന്‍ തൗഫീഖ് നല്‍കിയ പോലെ, മലിക് അബ്ദല്ലക്ക് ബഹ്‌റൈന്‍ മോചിപ്പിക്കാന്‍ തൗഫീഖ് നല്‍കിയ പോലെ, യമന്‍ മോചിപ്പിക്കാനുള്ള തൗഫീഖ് അല്ലാഹു സല്‍മാന്‍ രാജാവിന് നല്‍കുമാറാകട്ടെ...

ലബനാനിലും, സിറിയയിലും, ഇറാഖിലും അഹ്ലുസ്സുന്നയെ അറുകൊല ചെയ്യുന്ന ശിയാ ഭീകരതക്ക് ഇതൊരു പാഠമാണ്.


ആശയപരമായും നയതന്ത്രപരമായും ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്ക് എന്നും ഭീഷണിയായിരുന്ന ഇറാനെ ഇസ്‌ലാമിക രാഷ്ട്രമായി പരിചയപ്പെടുത്തി, ശിയാ ഭീകരതക്ക് കുടപിടിച്ചിരുന്നവര്‍ക്കും ഇതൊരു പാഠമാണ്.


ഹറം കയ്യടക്കി ഹജറുല്‍ അസ്'വദ് വരെ കടത്തിക്കൊണ്ടുപോയ പാരമ്പര്യമുള്ള ശിയാക്കളെ ഇസ്‌ലാമിന്റെ വക്താക്കളായി പരിജയപ്പെടുത്താനും വേണം തൊലിക്കട്ടി.. മോന്‍ മരിച്ചിട്ടായാലും മരുമോളുടെ കണ്ണീരു കണ്ടാല്‍ മതി എന്നതാണല്ലോ ഭാവം... ശിയാക്കള്‍ കയ്യടക്കിയാലും സൗദിയുടെ പതനം ആണ് സ്വപ്നം ... അല്ലാഹുവില്‍ ശരണം...




 

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ലയുടെ വാക്കുകള്‍ ശ്രദ്ധിക്കുക : "റാഫിദിയാക്കള്‍ (ശിയാക്കള്‍) നിന്ദ്യരായ ഒരു സമൂഹമാണ് . നേരായ ചിന്തയോ, ആധികാരികമായ പ്രമാണമോ, സ്വീകാര്യ യോഗ്യമായ മതമോ, കെട്ടുറപ്പുള്ള ഭൗതിക സംവിധാനങ്ങളോ ഇല്ലാത്ത ഒരു വിഭാഗം" . - [إقتضاء الصراط المستقيم 2/815 ].


അബ്ദുല്ലാഹിബ്നു സബഅ് എന്ന ജൂതന്റെ ആശയമായ ശിയാഇസത്തിനെതിരെ മുസ്‌ലിം രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച അല്ലാഹുവിന് സര്‍വ്വ സ്തുതിയും.. അല്‍ഹംദു ലില്ലാഹ് ....


അനുബന്ധ ലേഖനം : ഹൂഥികളും ചില കേരളീയരും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധമോ ?!. 

ഇസ്‌ലാമിന്‍റെ പതനത്തിനായി അകത്തു നിന്നും പുറത്ത് നിന്നും കോപ്പുകൂട്ടുന്ന ശത്രുക്കള്‍ക്കെതിരെ മലിക് ഫൈസല്‍ (റഹിമഹുല്ല) നടത്തിയ സംസാരം ഇവിടെ വീണ്ടും പ്രസക്തമാകുന്നു :


Monday, March 9, 2015

മാട്ടിറച്ചി രാഷ്ട്രീയത്തിലെ മൗനം-- പി.വി.എ പ്രിംറോസ്

മാട്ടിറച്ചി രാഷ്ട്രീയത്തിലെ മൗനം-- പി.വി.എ പ്രിംറോസ്

മാട്ടിറച്ചി രാഷ്ട്രീയത്തിലെ മൗനം
- പി.വി.എ പ്രിംറോസ്
1999ല്‍ മഹാരാഷ്ട്രയിലെ ശിവസേന-ബി.ജെ.പി സംയുക്ത സര്‍ക്കാര്‍ പാസാക്കിയ മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ അമെന്റ്‌മെന്റ് ആക്ടിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ ഇന്നു മുതല്‍ മാടുകളെ അറുക്കുന്നതും അതിന്റെ മാംസം കൈവശം വെക്കുന്നതും മഹാരാഷ്ട്രയില്‍ ജാമ്യമില്ലാത്ത കുറ്റമാണ്. അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും ഈടാക്കാവുന്ന കുറ്റകൃത്യമായി മാറിയ ഈ നിയമത്തിലൂടെ സംഘ്പരിവാര്‍ സംഘടനകളുടെ ചിരകാല അഭിലാഷമാണ് പുവണിഞ്ഞത്. 10 വര്‍ഷം മുമ്പ് നടപ്പാക്കാന്‍ ശ്രമങ്ങളാരംഭിച്ച ഈ പക്ഷപാത നിയമത്തെ കോണ്‍ഗ്രസ് മന്ത്രിസഭ മരവിപ്പിച്ചു നിര്‍ത്തുകയായിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും, സംസ്ഥാനത്ത് ദേവേന്ദ്ര ഫഡ്‌നാവിസും നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാറുകള്‍ ഈ നിയമത്തെ പുനരുജ്ജീവിപ്പിക്കുകയാണുണ്ടാത്.

മുംബൈ സബര്‍ബന്‍ ബീഫ് ഡീലേഴ്‌സ് അസോസിയേഷനെയും മാട് വളര്‍ത്തലുകാരെയും ഹോട്ടലുടമകളെയും ബാധിക്കുമെന്നതിലുപരി ഏതാനും ചിലയാളുകളുടെ കുബുദ്ധിക്ക് ഭരണകൂടം വഴങ്ങിക്കൊടുക്കുകയും ഭൂരിപക്ഷത്തിന്റെ വികാരത്തെ പരിഹസിക്കുകയും ചെയ്യുന്ന തരത്തിലേക്ക് നിയമങ്ങള്‍ വഴിമാറിപ്പോവുന്നതിലുള്ള ആശങ്കയാണ് രാജ്യത്തെ പ്രബുദ്ധ ജനങ്ങള്‍ പങ്കുവെക്കുന്നത്. കേവലം മതപരമായ 'വിലക്കി'നോടുള്ള പ്രതിപത്തി എന്നതിലുപരി ശക്തമായ രാഷ്ട്രീയ ആയുധമായാണ് സംഘ്പരിവാര്‍ ശക്തികള്‍ എന്നും ഗോവധത്തെയും അനുബന്ധ വിവാദങ്ങളെയും കണ്ടിട്ടുള്ളത്. 1870ല്‍ പഞ്ചാബിലെ സിഖ് കൂക്ക് വിഭാഗവുമായി ചേര്‍ന്ന് ഹിന്ദു ഗോരക്ഷാ പ്രസ്ഥാനം തുടങ്ങിയതോടു കൂടിയാണ് കന്നുകാലികള്‍ രാഷ്ട്രീയ പ്രക്ഷോഭത്തിനുള്ള ഉപകരണമായി മാറിയത്. 82ല്‍ ദയാനന്ദ സരസ്വതി ആദ്യത്തെ ഗോരക്ഷിണി സഭ സ്ഥാപിച്ച് വര്‍ഗീയ വെല്ലുവിളികളുമായി മുന്നോട്ട് പോവുകയും അതിന്റെ ഭാഗമായി തുടര്‍ വര്‍ഷങ്ങളില്‍ ചെറുതും വലുതുമായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്ത് അരങ്ങേറുകയും ചെയ്തു.
1888ല്‍ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളിലെ ഹൈക്കോടതി പശുവിനെ 'വിശുദ്ധ വസ്തു' എന്ന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന വിധി പ്രസ്താവിച്ചത് യഥാര്‍ത്ഥത്തില്‍ ഗോസംരക്ഷണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനല്ല, മറിച്ച് ശക്തിപ്പെടുത്താനാണ് ഉപകരിച്ചത്. 1893ല്‍ അസംഗഢിലും 1912ല്‍ അയോധ്യയിലും 17ല്‍ ഷാഹബാദിലും ഇതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടെങ്കിലും ഈ വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്ക് അവസാനം കുറിക്കാന്‍ ഭരണകൂടം കാര്യമായൊന്നും ചെയ്തില്ല എന്നതാണ് വാസ്തവം. മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ടും (മാപ) ആത്യന്തികമായി ഇത്തരം ദുരന്തങ്ങളെയാണ് ക്ഷണിച്ചുവരുത്തുക. ഏതെങ്കിലും മതവിഭാഗത്തിന്റെ ആദര്‍ശ സംരക്ഷണ ഭാഗമായാണോ ഒരു മതേതരരാഷ്ട്രം നിയമങ്ങള്‍ നിര്‍മിക്കേണ്ടത്? തീര്‍ച്ചയായും അല്ല. മതപരമായി വിശുദ്ധ പട്ടികയിലുള്‍പ്പെട്ട വളര്‍ത്തുമൃഗങ്ങളെ ഭരണകൂടവും കോടതിയും ബഹുമാനിക്കണമെങ്കില്‍ അത് പശുവില്‍ മാത്രം പരിമിതപ്പെടുത്തിക്കൂടാ. ക്രിസ്ത്യാനികളും ബുദ്ധരും ജൈനരും തുടങ്ങി നിരവധി മതങ്ങളും അവയിലെ അവാന്തര വിഭാഗങ്ങളും പല ജീവികളെയും വിശുദ്ധരും ഗണിക്കുന്നുണ്ട്. ഇവയെല്ലാം നിരോധന പട്ടികയിലുള്‍പ്പെടുത്തിയാല്‍ വെറും വളക്കുഴിയായി പൗരന്മാരുടെ ആമാശയം മാറാന്‍ അധികം കാലതാമസമുണ്ടാകില്ല. മാത്രമല്ല, സസ്യങ്ങളില്‍ വരെ ജീവനും പ്രതികരണശേഷിയും വികാര വിചാരങ്ങളും ശാസ്ത്രലോകം കണ്ടെത്തിയ ഇക്കാലത്ത് വിശുദ്ധ സസ്യങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷിക്കാനും നിയമങ്ങള്‍ കൊണ്ടുവരേണ്ടി വരും.
വംശനാശ ഭീഷണിയും നാടിന്റെ അവിഭാജ്യതയും പരിഗണിച്ച് സംരക്ഷിക്കേണ്ട ജന്തുജാലങ്ങളുടെ കാര്യത്തിലാണ് ഈ നിയമമെങ്കില്‍ അക്കാര്യത്തെ സ്വാഗതം ചെയ്യാന്‍ ഓരോ പൗരനും തയാറാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഗോവധത്തിന്റെ കാര്യത്തില്‍ അതല്ല വസ്തുത. സെന്‍സസ് പ്രകാരം വളര്‍ത്തുപക്ഷികളെ മാറ്റി നിര്‍ത്തിയാല്‍ താരതമ്യേന രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഖ്യാബലമുള്ള കന്നുകാലികളിലാണ് ഈ നിയമം പ്രാവര്‍ത്തികമാക്കുന്നത് എന്നത് കൗതുകകരമാണ്.
ഹൈന്ദവന്‍ പൂജിക്കുന്ന ജീവിയെന്ന നിലക്ക് പശുവിനെ കൊല്ലുന്നത് നിരോധിക്കണമെന്ന സംഘ്പരിവാറിന്റെ ദുഃശാഠ്യത്തിന് വഴങ്ങിയാല്‍ അവര്‍ തന്നെ വിശുദ്ധങ്ങളെന്ന് ഗണിക്കുന്ന ഗണപതിയുടെ വാഹനമായ എലി മുതല്‍ അയ്യപ്പന്റെ വാഹനമായ പുലി വരെയുള്ളതിന് ഈ നിയമം ബാധകമാകേണ്ടതല്ലേ? അതുകൊണ്ടു തന്നെ മതഭക്തിയല്ല ഈ കാടന്‍ നിയമങ്ങള്‍ക്ക് പ്രേരകമെന്നും വര്‍ഗീയചിന്തകള്‍ മുളപ്പിച്ച് രാഷ്ട്രീയലാഭം കൊയ്‌തെടുക്കാനുള്ള ഹിഡണ്‍ അജണ്ടകളാണ് ഇതിനു പിന്നിലെന്നും ബുദ്ധിയുള്ളവര്‍ വിലയിരുത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേല്‍ തെരഞ്ഞെുടുപ്പ് കാലത്ത് പശു സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച അതേ ബുദ്ധി തന്നെയാണ് ഇന്ന് ദേവേന്ദ്ര ഫഡ്‌നാവിസും മഹാരാഷ്ട്ര ഗവര്‍ണറും ചെയ്തു കൊണ്ടിരിക്കുന്നത്. പ്രാചീന ഭാരതീയ ഭോജന രീതികളിലോ അതിനു മാനദണ്ഡമാക്കിയ ഭാരതീയ പ്രമാണങ്ങളിലോ മാംസഭക്ഷണം, വിശിഷ്യാ ഗോമാംസം ഭക്ഷണയോഗ്യമായിരുന്നോ എന്നത് ഈ സാഹചര്യത്തില്‍ പരിശോധിക്ക് വിധേയമാക്കാവുന്നതാണ്. ഐ.ഐ.ടി ഹോസ്റ്റലുകളിലടക്കം മാംസം നിരോധിക്കാന്‍ മുറവിളി കൂട്ടുന്ന ഹിന്ദുത്വ പ്രഭൃതികളുടെ ആശയത്തിന്റെ അടിവേരിളക്കാന്‍ ഇതു കാരണമാകും.
1891ല്‍ പ്രസിദ്ധീകരിച്ച 'ദി ഇന്‍ഡോ ആര്യന്‍സ്' എന്ന പുസ്തകത്തിലും 'ദി പോപുലര്‍ റിലീജ്യന്‍ ആന്‍ഡ് ഫോക്ലോര്‍ ഓഫ് നോര്‍ത്തേണ്‍ ഇന്ത്യ' എന്ന വില്യം ക്രൂക്കിന്റെ ഗ്രന്ഥത്തിലും പി.വി കാനേയുടെ 'ഹിസ്റ്ററി ഓഫ് ധര്‍മശാസ്ത്ര' എന്ന രചനയിലും എച്ച്.ഡി സങ്കാലിയയുടേയും ദ്വിജേന്ദ്ര നാരായണ ഝായുടേയും കാഞ്ച ഐലയ്യയുടേയും പ്രാചീന ഭോജനരീതികളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥങ്ങളിലുമെല്ലാം ഹൈന്ദവ പ്രമാണങ്ങളായ വേദങ്ങളിലും ഉപനിഷത്തുക്കളിലും ഗോവധം അംഗീകരിക്കുന്നുണ്ടെന്ന വസ്തുത സുതരാം വ്യക്തമാണ്. വേദങ്ങളിലെ ഏറ്റവും ശക്തനായ ഇന്ദ്രന്റെ ഇഷ്ടഭോജനങ്ങളിലൊന്നായി സോമരസത്തോടൊപ്പം പറയുന്നത് കാളയിറച്ചിയാണ്. 'എനിക്ക് വേണ്ടി അവര്‍ പതിനഞ്ചും ഇരുപതും കാളകളെ കശാപ്പു ചെയ്തു' എന്നും 'മുന്നൂറ് കാളകളെ പൊരിച്ചെടുത്തു' എന്നുമെല്ലാം ഋഗ്വേദത്തിലെ പത്താം അധ്യായത്തില്‍ വായിക്കാന്‍ കഴിയും.
ഇന്ദ്രന്‍ കഴിഞ്ഞാല്‍ പിന്നെ പ്രധാന ദേവനായി ഹൈന്ദവര്‍ കാണുന്ന അഗ്നിയെ 'കാളയേയും മച്ചിപ്പശുവിനെയും ഭക്ഷണമാക്കിയിട്ടുള്ളവന്‍' എന്ന അര്‍ത്ഥത്തിലാണ് വിശേഷിപ്പിക്കുന്നത്. ഋഗ്വേദത്തിന്റെ മൃഗബലി വിശദീകരണത്തില്‍ കന്നുകാലികളെ കൊല്ലുന്നതു മാത്രമായി ധാരാളം ശ്ലോകങ്ങള്‍ കാണാം. ഇന്ദ്രന് കാളയേയും മരുത്തുക്കള്‍ക്ക് പുള്ളിപ്പശുവിനെയും അശ്വിനികള്‍ക്ക് ചെമ്പു നിറമുള്ള പശുവിനെയും മിത്രനും വരുണനും വിശേഷണങ്ങളൊന്നുമില്ലാത്ത പശുവിനെയുമാണ് ബലിയര്‍പ്പിക്കേണ്ടത് എന്നാണ് ഋഗ്വേദം പഠിപ്പിക്കുന്നത്.
മാത്രമല്ല, അഗ്ന്യധേയം, അശ്വമേധം, രാജസൂയം, വാജപേയം, പഞ്ചാക്ഷരാദീയസവം തുടങ്ങിയ യാഗങ്ങളിലെല്ലാം പശുവും കാളയും കുതിരകളുമാണ് യാഗ മൃഗങ്ങള്‍. പുരാതന കാലം മുതല്‍ക്കു തന്നെ മൃഗ ബലിക്ക് വളരെ വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു എന്നാണ് തൈത്തിരീയ ബ്രാഹ്മണത്തിലും ഐതരേയ ബ്രാഹ്മണത്തിലും ശതപഥ ബ്രാഹ്മണത്തിലും ആപസ്തംബ ഗൃഹ്യസൂത്രത്തിലും പാരസ്‌കര ഗൃഹ്യ സൂത്രത്തിലും പറയുന്നത്. കൃഷിയുമായി ബന്ധപ്പെട്ട ഗൃഹ്യസൂത്രത്തില്‍ കാളയെ കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുക്കുന്നതിനെ പരാമര്‍ശിക്കുന്ന 'ശൂല ഗോവ'എന്ന ചടങ്ങിലും അതിഥികളെ സല്‍ക്കരിക്കുന്ന 'അര്‍ഘ്യ'ത്തിലും 'മധുപര്‍ക്ക'ത്തിലും മരണാനന്തര ചടങ്ങായ ശ്രാദ്ധത്തിലെ 'അഷ്ടക'ത്തിലും പിതൃപൂജയായ 'അഭ്യുദായിക'യിലുമുള്ള ഗോബലിയുടെ വിശദീകരണങ്ങള്‍ കേട്ടാല്‍ പ്രാചീന ഹൈന്ദവ സംസ്‌കൃതിയിലെ ഗോമാംസ സ്വാധീനത്തോടൊപ്പം സംസ്‌കാര രാഹിത്യം കൂടി ബോധ്യപ്പെടും.
പ്രാചീന ഭാരതത്തിലെ ഹൈന്ദവരില്‍ മാത്രമല്ല, ബുദ്ധരിലും ജൈനരിലും ഗോവധം ചെറുതും വലുതുമായ രീതിയില്‍ നിലനിന്നിരുന്നു എന്നതിന് അവരുടെ വേദഗ്രന്ഥങ്ങള്‍ തന്നെ സാക്ഷ്യമാണ്. കൂടാതെ രോഗചികിത്സയായി കാളയിറച്ചിയും പശുവിറച്ചിയും ധാരാളം ഉപയോഗിച്ചിരുന്നുവെന്നതിന് ചരകന്റെയും സുശ്രുതന്റെയും വാഗ്ഭടന്റെയും ഹലാലയുധന്റെയും ചികിത്സാഗ്രന്ഥങ്ങള്‍ തെളിവാണ്. മഹാഭാരത-രാമായണ കഥാപാത്രങ്ങളായ ജയദ്രഥനും യുധിഷ്ഠിരനും രന്തിദേവനും രാമനും സീതയുമെല്ലാം മാംസം ഭക്ഷിച്ചിരുന്ന കഥാസന്ദര്‍ഭങ്ങള്‍ പുരാണങ്ങളിലുണ്ടെന്ന് പറയപ്പെടുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് ഭാരതത്തിന്റെ പൗരാണിക ചരിത്രം മാംസഭക്ഷണത്തിന് വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ്. ഇതൊന്നുമറിയാതെ ഭരണകൂടത്തെയും ജുഡീഷ്യറിയേയും തെറ്റിദ്ധരിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദ്രോഹം ചെയ്യുന്നത് മതേതരത്വത്തോടു മാത്രമല്ല, ഹൈന്ദവ പ്രമാണങ്ങളോടു കൂടിയാണ്.

Saturday, February 28, 2015

ജീവിതം എന്തിനു വേണ്ടി


ജീവിതം എന്തിനു വേണ്ടി എന്ന വിഷയത്തിൽ ഉള്ള പുസ്തകത്തിന്റെ ONLINE കോപ്പി



jeevitham_enthinu_vendi (Click Here To Download)
Wisdom Global Islamic Mission വിതരണം ചെയ്യുന്ന ജീവിതം എന്തിനു വേണ്ടി എന്ന വിഷയത്തിൽ ഉള്ള പുസ്തകത്തിന്റെ ONLINE കോപ്പി ഫ്രീ ആയി DOWNLOAD ചെയ്യാം ..ഷെയർ ചെയ്യുക unnamed (3)

Thursday, May 29, 2014

പിശുക്ക് ലാഭമല്ല, നഷ്ടമാണ്

പിശുക്ക് ലാഭമല്ല, നഷ്ടമാണ്
നബി(സ) പറഞ്ഞു: ”നിങ്ങള്‍ പിശുക്കിനെ സൂക്ഷിക്കുക. പൂര്‍വസമുദായങ്ങളെ നശിപ്പിച്ചത് പിശുക്കാണ്. രക്തം ചിന്താനും ആദരിക്കേണ്ടതിനെ അനാദരിക്കാനും അത് അവരെ പ്രേരിപ്പിക്കും.” (മുസ്്‌ലിം)
സമ്പത്തും സൗകര്യങ്ങളുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ പെട്ടതാണ്. അവന്‍ ഇച്ഛിക്കുംപോലെ അവ വിനിയോഗിക്കുകയും പങ്കുവെക്കുകയും ചെയ്യുമ്പോേഴ അവയുടെ ശരിയായ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുകയുള്ളു. എന്നാല്‍ മനുഷ്യരധികവും ധനത്തോട് താല്‍പര്യമുള്ളവരാണ്. എത്രതന്നെ സമ്പത്തുണ്ടെങ്കിലും തന്റെ ആവശ്യത്തിന് വേണ്ടത്ര ധനം ഇനിയുമായിട്ടില്ല എന്നാണ് അധിക മനുഷ്യരും ചിന്തിക്കുന്നത്. ഇത്തരം സങ്കുചിത ചിന്തകളാണ് മനുഷ്യനെ പിശുക്കനാക്കി മാറ്റുന്നത്.
പിശുക്ക് പാരമ്പര്യമായി പകര്‍ന്നുകിട്ടുന്ന ഒരു രോഗമല്ല. എന്നാല്‍ പിശുക്കിപ്പിടിച്ച് ജീവിക്കുന്ന മാതാപിതാക്കളെ അനുകരിക്കുന്ന മക്കള്‍ ലുബ്ധരായിത്തീരാനിടയുണ്ട്. സാമ്പത്തികകാര്യങ്ങളില്‍ മാത്രമല്ല പിശുക്ക് കാണപ്പെടുന്നത്. സ്‌നേഹിക്കുന്നതില്‍, അഭിവാദനം അര്‍പ്പിക്കുന്നതില്‍, അഭിനന്ദിക്കുന്നതില്‍, പ്രചോദനം നല്‍കുന്നതില്‍, എന്തിന്, മനസ്സറിഞ്ഞ് പുഞ്ചിരിക്കുന്നതില്‍ വരെ ഇന്ന് പിശുക്ക് വ്യാപകമായിരിക്കുന്നു. ഇത്തരം വൈകാരിക ലുബ്ധ് കുടുംബ-സുഹൃദ്-സാമൂഹ്യബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയേക്കാവുന്ന അപകടകരമായ ഒരു പ്രവണതയാണ്.

മനുഷ്യനെ നശിപ്പിക്കുന്ന ഒരു ദുര്‍ഗുണമായിട്ടാണ് ഇസ്്‌ലാം പിശുക്കിനെ പരിചയപ്പെടുത്തുന്നത്. മനുഷ്യനെ നശിപ്പിക്കുന്ന മൂന്ന് കാര്യങ്ങള്‍ മുഹമ്മദ് നബി(സ) ഒരിക്കല്‍ എടുത്തുപറഞ്ഞപ്പോള്‍ ഒന്നാമതായി അവിടുന്ന് എണ്ണിയത് പിശുക്കിനെക്കുറിച്ചാണ്. അത് പരസ്പരം കലഹിക്കുന്നതിനും കുടുംബബന്ധങ്ങള്‍ വിഛേദിക്കുന്നതിനും പ്രേരിപ്പിക്കുമെന്നും ഹദീഥുകളില്‍ കാണാം.
സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ വേണ്ടി ഒന്നും ചെലവഴിക്കാതെ പണം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് ഉപകാരപ്പെടാത്ത വന്‍ സമ്പാദ്യം ബാക്കിവെച്ച് മരണപ്പെട്ട പലരെയും കുറിച്ച് നാം പത്രങ്ങളില്‍ വായിക്കാറുണ്ട്. പിശുക്കിന്റെ ദുരന്തഫലം കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് അത്തരക്കാര്‍ക്കായിരിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാത്തവരെപ്പറ്റി ക്വുര്‍ആന്‍ പറയുന്നത് കാണുക. ”ഹേ കൂട്ടരെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്ക് കാണിക്കുന്നപക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്. അല്ലാഹുവാകട്ടെ, പരാശ്രയമുക്തനാകുന്നു. നിങ്ങളോ, പരമദരിദ്രന്‍മാരും. നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട് അവര്‍ നിങ്ങളെ പോലെയായിരിക്കുകയില്ല.”(47: 38).
സമ്പത്തിന്റെ യഥാര്‍ഥ ഉടമ അതു നല്‍കിയവനായ അല്ലാഹുവാണ്. അവന്റെ നിര്‍ദേശപ്രകാരമാണ് അതിന്റെ ക്രയവിക്രയം നടത്തേണ്ടത്. ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ പിശുക്കി പിടിക്കുന്നതും അതിന് പ്രേരിപ്പിക്കുന്നതും പാരത്രിക ലോകത്ത് ശിക്ഷാര്‍ഹമായ കാര്യമാകുന്നു. ക്വുര്‍ആന്‍ പറയുന്നു: ”പിശുക്ക് കാണിക്കുകയും പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്‍ക്ക് അല്ലാഹു തന്റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചുവെയ്ക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്”(4:37).
”എന്നാല്‍ ആര്‍ പിശുക്ക് കാണിക്കുകയും സ്വയംപര്യാപ്തത നടിക്കുകയും ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചുതള്ളുകയും ചെയ്യുന്നുവോ അവന് നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കി കൊടുക്കുന്നതാണ്. അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്റെ ധനം അവന് പ്രയോജനപ്പെടുന്നതല്ല.”(92:8-11)
ധനികരെയും ദരിദ്രരെയും ഒരുപോലെ ബാധിക്കുന്ന രോഗമാകുന്നു പിശുക്ക്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള ധാരണയില്ലായ്മ ലുബ്ധതയുടെ മുഖ്യകാരണങ്ങളിലൊന്നാണ്. ശരിയായ വിശ്വാസം സ്വീകരിക്കുകയാണ് പിശുക്കില്‍നിന്നും രക്ഷപ്പെടാനുള്ള ആത്യന്തിക മാര്‍ഗം.
നബി(സ) പറഞ്ഞു: ”വിശ്വാസവും പിശുക്കും ഒരാളുടെ മനസ്സില്‍ ഒരിക്കലും ഒന്നിക്കുകയില്ല.” (നസാഈ). ”പിശുക്കന്‍ അല്ലാഹുവില്‍നിന്നും സ്വര്‍ഗത്തില്‍നിന്നും മനുഷ്യരില്‍നിന്നും അകന്നവനാണ്, നരകവുമായി അടുത്തവനും.” (തുര്‍മുദി).

Monday, February 24, 2014

ഭാഗം-3:ഞാന്‍ ദൈവവിശ്വാസിയാകാനുള്ള കാരണങ്ങള്‍ -തുടക്കത്തിന്റെ സാധുതകള്‍...

ഭാഗം-3:ഞാന്‍ ദൈവവിശ്വാസിയാകാനുള്ള കാരണങ്ങള്‍ -തുടക്കത്തിന്റെ സാധുതകള്‍...

കഴിഞ്ഞ പോസ്റ്റില്‍ നാം ബിഗ്‌ ബാംഗ് തിയറിയെ കുറിച്ച് വായിച്ചു. അതിലൂടെ പ്രപഞ്ചം ഉണ്ട് എന്ന് മനസ്സിലായി. എങ്കില്‍ മഹാവിസ്ഫോടനത്തിനു പിന്നിലുള്ള സാധുതകള്‍ എന്തെല്ലാമാണ്? നമുക്കൊന്ന് വിശകലം ചെയ്യാം!
നില നില്‍കുന്ന ഇതൊരു വസ്തുവിന്റെയും(അതെന്തുമാകട്ടെ) ഉദ്ഭവത്തിനു നാല് സാധ്യതകളാണ് നിലനില്‍ക്കുന്നത്:-
  1. ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി
  2. സ്വയം സൃഷ്ടിച്ചു
  3. സൃഷ്ടിക്കപ്പെട്ട  മറ്റെന്തെങ്കിലുംകാര്യത്തില്‍ നിന്നുണ്ടായി
  4. സൃഷ്ടിക്കപ്പെടാത്ത ഒന്നാല്‍ സൃഷ്ടിക്കപ്പെട്ടു
ഇതിലോരോ സാധ്യതയും നമുക്കൊന്ന് പരിശോധിക്കാം!

ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി

നമുക്കറിയാം-ഈ പ്രപഞ്ചം ഒന്നുമില്ലായ്മയില്‍നിന്നല്ല -കാരണം ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നുമുണ്ടാകില്ല! ശ്രദ്ധിക്കുക:നാമിന്നു കാണുന്ന സ്ഥലം (space),സമയം (time) എന്നിവയെല്ലാം രൂപപ്പെട്ടത് മഹാവിസ്ഫോടനത്തിനു ശേഷമാണ് എന്ന് ശാസ്ത്രം പറയുന്നു. നിങ്ങള്‍ക്കറിയുന്ന എന്തെങ്കിലും കാര്യം ശൂന്യതയില്‍ നിന്ന് രൂപം കൊണ്ടിട്ടുണ്ടോ?

സ്വയം സൃഷ്ടിച്ചു


പ്രപഞ്ചം സ്വയം സൃഷ്ടിക്കപ്പെട്ടു എന്നത് വിരോധാഭാസകരവുംവൈരുധ്യവും നിറഞ്ഞ വാദമാണ്. കാരണം, പ്രപഞ്ചം ഒരേ സമയം നിലകൊള്ളുകയും നിലകൊള്ളാതിരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് വരും!നിങ്ങളുടെ അമ്മ നിങ്ങളുടെ അമ്മയെ ഗര്‍ഭം ധരിച്ചു ജനനം നല്‍കി എന്ന് പറഞ്ഞാല്‍ എന്തു വിഡ്ഢിത്തമാകും അത്! അല്ലെ?

 സൃഷ്ടിക്കപ്പെട്ട  മറ്റെന്തെങ്കിലും കാര്യത്തില്‍ നിന്നുണ്ടായി

പ്രപഞ്ചത്തെ  സംബന്ധിച്ചിടത്തോളം ഇത് സാധ്യമാണോ? പ്രപഞ്ചത്തിന്റെ ഉത്പത്തിക്ക് കാരണമായത്‌ മറ്റൊരു ഭൌതികമായ അവസ്ഥയാണ് എന്ന് വെച്ചാല്‍-അതിനു കാരണമായതെന്തു? ഇങ്ങനെ കാരണങ്ങളുടെ ഒരനന്ത ശ്രേണി തന്നെ നമ്മുക്ക് രൂപീകരിക്കാന്‍ കഴിയും!ഇത് പ്രായോഗികമാണോ? അനന്തത(infinity) എന്നത് യാഥാര്‍ത്യം അല്ല- നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ പോകുന്നു.അത് ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഒരാളുടെ സമ്മതം വേണം, അയാള്‍ നിങ്ങള്‍ക്ക്‌ സമ്മതം തരണമെങ്കില്‍ മറ്റൊരാള്‍ അയാള്‍ക്ക്‌ സമ്മതം നല്‍കണം-ഈ ശൃംഖല ഇങ്ങനെ അനന്തത വരെ നീളുന്നു എന്ന് സങ്കല്പിക്കുക-നിങ്ങളെന്നെങ്കിലും അക്കാര്യം ചെയ്യുമോ?അത് പോലെയാണ് ഈ പ്രപഞ്ചമെങ്കില്‍ നിങ്ങള്‍ ആ കാര്യം ചെയ്യാത്തത് പോലെ ഈ പ്രപഞ്ചം തന്നെ നിലനില്‍കുന്നില്ല എന്ന് വിശ്വസിക്കേണ്ടി വരും! ഇല്ല,പ്രപഞ്ചം നില നില്‍കുന്നു!..അതിനാല്‍ തന്നെ ഈ വാദവും നിരര്‍ത്ഥകമാണ്.

 സൃഷ്ടിക്കപ്പെടാത്ത ഒന്നാല്‍ സൃഷ്ടിക്കപ്പെട്ടു

മുന്‍പ്  പറഞ്ഞ മൂന്നു വാദങ്ങളുടെയും നിരര്‍ത്ഥകത നാം മനസ്സിലാക്കി-ശേഷിക്കുന്ന ഏക വാദം-ഈ പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവുണ്ട്! അത് തന്നെയാണ് ഏറ്റവും നല്ല വിശദീകരണവും!നമ്മുടെ സാമാന്യ ബോധം വെച്ച് ചിന്തിക്കുക-നില നില്‍ക്കുന്ന എന്തിനും ഒരു സ്രഷ്ടാവ്‌ ആവശ്യമാണ്‌! ഇനി എന്താകണം ആ സ്രഷ്ടാവിന്റെ പ്രത്യേകത? അവന്‍ സൃഷ്ടിക്കപ്പെട്ടവനാകരുത്! എല്ലാത്തിനും കാരണമായ നാഥന്‍-എന്നാല്‍ അവനു കാരണങ്ങളില്ല-അതല്ലെങ്കില്‍ നാം ഇനിയും  അനന്തമായ കാരണങ്ങള്‍ തേടി ഈ പ്രപഞ്ചം തന്നെ നിലനില്‍കുന്നില്ല എന്ന് ഈ പ്രപഞ്ചത്തിലിരുന്നു വിശ്വസിക്കേണ്ടി വരും! അതെ-കാരണങ്ങള്‍ക്കതീതനായ ഒരു സ്രഷ്ടാവാകുന്നു ഈ പ്രപഞ്ചത്തിനു കാരണം എന്നതാണ് ഏറ്റവും യുക്തിപരമായ വിശദീകരണം!

(തുടരും.....)

ഞാന്‍ ദൈവവിശ്വാസിയാകാനുള്ള കാരണങ്ങള്‍ -"യാദൃശ്ചികമായ" സങ്കീര്‍ണതകള്‍ ?? ഭാഗം-2

ഞാന്‍ ദൈവവിശ്വാസിയാകാനുള്ള കാരണങ്ങള്‍ -"യാദൃശ്ചികമായ" സങ്കീര്‍ണതകള്‍ ?? ഭാഗം-2


പലപ്പോഴും നാം ഈ ലോകത്തെ മനസ്സിലാക്കുന്നത് വളരെ ലളിതമായാണ്! നാം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു! എന്നാല്‍ അതിന്റെ പ്രവര്‍ത്തനത്തിന് നിദാനമായ മൈക്രോപ്രോസസ്സറുകളെ പറ്റി നാം ചിന്തിക്കാറില്ല. അത് പോലെ തന്നെ പലപ്പോഴും നാം ഈ ലോകത്തെ കുറിച്ചോ പ്രകൃതിയെ കുറിച്ചോ അവിടങ്ങളിലെ അട്ഭുതങ്ങളിലെ കുറിച്ചോ നാം ചിന്തിക്കാറില്ല! നമ്മുടെ ചിന്താശേഷി ഉണര്‍ത്താന്‍ ഇവിടെ ഞാന്‍ തിരഞ്ഞെടുക്കുന്ന ഉദാഹരണം ചിന്തക്ക് കാരണമായ തലച്ചോറാണ്!


മനുഷ്യ മസ്തിഷ്കം-അഥവാ സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍! 

  • മനുഷ്യ മസ്തിഷ്കത്തിന്റെ അടിസ്ഥാന ഘടകം "ന്യൂറോണ്‍" എന്ന കോശമാണ്. വളര്‍ച്ച പ്രാപിച്ച ഒരു തലച്ചോറില്‍ 100 ബില്ല്യണ്‍ അഥവാ 100000000000 ന്യൂറോണുകള്‍ ഉണ്ടാകും!
  • ഈ ന്യൂറോണുകള്‍ ഒരു വലിയ നെറ്റ്വര്‍ക്കിനു തന്നെ രൂപം നല്‍കുന്നു!ഓരോ ന്യൂറോണ്‍ കോശവും 1000 മുതല്‍ 2 ലക്ഷം വരെ കോശങ്ങളുമായി കണക്റ്റ്‌ ചെയ്തിട്ടുണ്ടാകും-ഈ ബന്ധങ്ങളെ "സിനാപ്സ്‌" എന്ന് വിളിക്കുന്നു!
  • അങ്ങനെയെങ്കില്‍ ഒരു ന്യൂറോണ്‍ കോശം ശരാശരി 10000 കോശങ്ങളുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നു എന്നെടുത്താല്‍ തലച്ചോറിലെ ആകെ സിനാപ്സുകളുടെ എണ്ണം=10000000000000 x 10000 = 10^15 !!(Quadrillion)
  • അതായത്‌ 100  ബില്ല്യണ്‍ ന്യൂറോണുകള്‍ അടങ്ങുന്ന അവ തമ്മില്‍ ഒരു ക്വാട്രില്ല്യന്‍ (Quadrillion) കണക്ഷനുകള്‍ ഉള്ള ഒരു സിസ്റ്റം ആണ് മനുഷ്യ മസ്തിഷ്കം!

കണക്കുകള്‍ പെട്ടന്ന് മനസ്സിലാകാന്‍!

മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീര്‍ണത മനസ്സിലാക്കാന്‍ ഈയൊരു ഉദാഹരണം ശ്രദ്ധിച്ചാല്‍ മതി!
  • നമ്മുടെ ലോകത്തിലെ ഇന്നത്തെ ഏറ്റവും വലിയ നെറ്റ്വര്‍ക്കുകളില്‍ ഒന്നാണ് മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക്‌. 6 ബില്ല്യണ്‍ മോബൈലുകള്‍ ലോകത്തുണ്ട് എന്ന് കണക്കാക്കപ്പെടുന്നു(ശ്രദ്ധിക്കുക:ന്യൂറോണുകള്‍ 100 ബില്ല്യണ്‍).
  • ഓരോ മൊബൈലിലും 500 കോണ്ടാക്റ്റ്‌ നമ്പരുകള്‍ ഉണ്ട് എന്ന് കരുതുക!അങ്ങനെയെങ്കില്‍ മൊത്തം കണക്ഷനുകളുടെ എണ്ണം= 600000000 x 500 =30 x 10^11! അഥവാ മൂന്ന് ട്രില്യന്‍      ( Trillion )
  • അതായത്‌ ലോകം മുഴുവന്‍ വ്യാപിച്ചു നില്‍കുന്ന മൊബൈല്‍ ശൃംഖലയേക്കാള്‍ 1000 ഇരട്ടി വലുതാണ്‌ ഒരാളുടെ തലച്ചോറിലെ ന്യൂറോണ്‍ കണക്ഷന്‍സ്! ആ തലച്ചോറിന്‍റെ ഭാരം 1.3 കിലോഗ്രാമും വ്യാപ്തി 14 cm x 16 cm x 9 cm മാത്രവും!

ഇനി ശ്രദ്ധിക്കുക!!!


  • ഈ തലച്ചോര്‍ ഒരു ലക്ഷത്തിലധികം സന്ദേശങ്ങള്‍ ഒരു സെക്കന്റിനുള്ളില്‍ കൈകാര്യം ചെയ്യുന്നു!
  • നിങ്ങളുടെ ശ്വസന പ്രക്രിയയും വിശപ്പിനെയും കൈ കാലുകളുടെ ചലനത്തേയും എന്തിനേറെ, നിങ്ങളുടെ കണ്‍ പീലികളുടെ ചലനത്തെ സംബന്ധിച്ച് വരെയുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നു!
ഒരു മൊട്ടു സൂചി പോലും തനിയെ ഉണ്ടായതാണ് എന്ന് വിശ്വസിക്കാത്തവരാണ് നാം. പിന്നെ എങ്ങനെയാണ് ലോകം മുഴുവനുള്ള മൊബൈല്‍ നെറ്റ് വര്‍ക്കിനെക്കാള്‍ സങ്കീര്‍ണമായ നമ്മുടെ മസ്തിഷ്കം യാദൃശ്ചികമായി ഉണ്ടായതാണ് എന്ന് ആ തലച്ചോര്‍ ഉപയോഗിച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയുന്നത്? ഞാന്‍ വിശ്വസിക്കുന്നു-അത്യുന്നതനായ ഒരു സ്രഷ്ടാവിന്റെ കരങ്ങളാണ് ഇവക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന്!

"തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. ( അവര്‍ പറയും: ) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കണേ."
(ഖുര്‍ആന്‍,3:190,191)

ഞാന്‍ ദൈവവിശ്വാസിയാകാനുള്ള കാരണങ്ങള്‍ -യാദൃശ്ചികതയോ അതോ രൂപ കല്പനയോ? ഭാഗം-1

ഞാന്‍ ദൈവവിശ്വാസിയാകാനുള്ള കാരണങ്ങള്‍ -യാദൃശ്ചികതയോ അതോ രൂപ കല്പനയോ? ഭാഗം-1

അനന്തത തേടി മനുഷ്യന്‍ യാത്ര ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അവിടെ തന്നെ സൃഷ്ടിച്ചവനായ ഒരു ദൈവമുണ്ടോ ഇല്ലേ എന്നുള്ള ചര്‍ച്ചകള്‍ കാലങ്ങളായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു!വിവിധ മതദര്‍ശനങ്ങള്‍ വ്യത്യസ്തങ്ങളായ ദൈവ സങ്കല്പങ്ങളെ അവതരിപ്പിക്കുന്നു. അവയെ കുറിച്ച് ചര്‍ച്ച ചെയ്യും മുന്‍പ്‌ ഈയുള്ളവന്‍  എന്ത് കൊണ്ട് ദൈവാസ്തിത്വത്തില്‍ വിശ്വസിക്കുന്നു എന്നുള്ളതിനുള്ള ചില കാരണങ്ങളാണ് നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്.


ഒരു ചെറിയ പരീക്ഷണം!

  •  ഒന്ന് മുതല്‍ പത്തു വരെ രേഖപ്പെടുത്തിയ പത്ത് കടലാസ് കഷ്ണങ്ങള്‍ ഒരു സഞ്ചിയില്‍ ഇടുക
  • ഇനി ഒന്ന് മുതല്‍ പത്ത് വരെയുള്ള അതെ ക്രമത്തില്‍ ആ കടലാസുകള്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുക(അതിലേക്കു നോക്കാതെ!).ഓരോ തവണ കടലാസ് എടുത്ത ശേഷവും അതിന്മേല്‍ രേഖപ്പെടുത്തിയ സംഖ്യ ശ്രദ്ധിച്ച ശേഷം തിരച്ചു നിക്ഷേപിക്കുക.
  • പത്ത് തവണ നിങ്ങള്‍ എടുത്താല്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള അതേ ക്രമത്തില്‍ നിങ്ങള്‍ക്ക്‌ കടലാസുകള്‍ ലഭിക്കാനുള്ള സാധ്യത എന്ത്?
  • ആദ്യം എടുക്കുന്നത് '1' ആവാനുള്ള സാധ്യത പത്തിലൊന്ന്! ഇനി അതോടൊപ്പം രണ്ടാമത്തേത് '2' ആവാനുള്ള സാധ്യത നൂറിലൊന്ന്!അടുത്തത് മൂന്നിലൊന്ന് ലഭിക്കാനുള്ള സാധ്യത ആയിരത്തിലൊന്ന്!ഇങ്ങനെ ഒന്ന് മുതല്‍ പത്ത് വരെ ക്രമത്തില്‍ കിട്ടാനുള്ള സാധ്യത ആയിരം കൊടിയിലൊന്നു മാത്രം! അതായത്‌ ഈയൊരു ചെറിയ പരീക്ഷണത്തില്‍ തന്നെ നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടാനുള്ള സാധ്യത ഇല്ല എന്ന് തന്നെ പറയാം!നിങ്ങള്‍ മനപ്പൂര്‍വ്വം നിങ്ങള്‍ക്കാവശ്യമുള്ള ഫലം ലഭിക്കാന്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നത് വരെ!
ഇതേ കേവല  യുക്തി കൊണ്ട് തന്നെ ചിന്തിക്കുക!

കേവലം യാദൃശ്ചികത മൂലം , സാധ്യതകള്‍ മൂലം ഈ ഭൂമിയും അതില്‍ ജീവന്‍ നിലനില്‍കാനുള്ള എല്ലാ സാഹചര്യങ്ങളും അതിലെ ജീവജാലങ്ങളും നിലവില്‍ വരുമോ?

ചിന്തിക്കുക!

  • ഭൂമിയുടെ അച്ചുതണ്ട് 23 ഡിഗ്രീ ചെരിഞ്ഞാണ് ഉള്ളത്.അതിനു ഇത്ര ചെരിവ് ഇല്ലായിരുന്നെങ്കില്‍ നമ്മുടെ ഭൂഖണ്ഡങ്ങള്‍ തണുത്തുറഞ്ഞു പോകുമായിരുന്നു!
  • ഭൂമി സ്വന്തം അച്ചുതണ്ടില്‍ ഒരു മണിക്കൂറില്‍ ആയിരം മൈല്‍ വേഗത്തില്‍ കറങ്ങുന്നു. ആ കറക്കത്തിന്റെ വേഗത 100 മൈല്‍ ആയിരുന്നെങ്കില്‍ നമ്മുടെ രാപ്പകലുകളുടെ ദൈര്‍ഘ്യം പത്തിരട്ടിയാകുമായിരുന്നു. മാത്രമല്ല, അമിതമായ സൂര്യപ്രകാശം കാരണം ഒരിക്കലും ഇവിടെ ജീവന്‍ നിലനില്‍ക്കുകയുമില്ല!
  • ഈ പ്രപഞ്ചത്തിലെ ചെറിയ നക്ഷത്രങ്ങളിലൊന്നാണ് സൂര്യന്‍.സൂര്യന്റെ ഉപരിതലത്തിലെ താപനില 10000 ഫാരന്‍ഹീറ്റ് ആണ്-ഇത് ഭൂമിക്ക്‌ ആവശ്യത്തിന് മാത്രമുള്ള ചൂട് പ്രദാനം ചെയ്യുന്നു.സൂര്യന്‍ പുറത്തു വിടുന്ന രശ്മികള്‍ അല്പം കുറവായിരുന്നെങ്കില്‍ നമ്മുടെ ഭൂമി ഒരു തണുത്തുറഞ്ഞ ഗ്രഹമായി മാറിയേനെ!അല്പം കൂടിയിരുന്നെങ്കിലോ? നാമെല്ലാം കരിഞ്ഞു പോയേനെ!
  • ചന്ദ്രന്‍ നമ്മോട് കുറച്ചു കൂടി അടുത്തായിരുന്നെങ്കില്‍ വേലിയേറ്റം  മൂലം ദിവസം രണ്ടു തവണ കര മുഴുവന്‍ മുങ്ങിപ്പോയേനെ! പര്‍വതങ്ങള്‍ ഒലിച്ചു പോയേനെ!
  • ഭൂമിയുടെ ഉപരിഭാഗം(crust) പത്തടി കൂടി മാത്രം കട്ടിയുണ്ടായിരുന്നെന്കില്‍ ഇവിടെ ഓക്സിജന്‍ ഉണ്ടാകുമായിരുന്നില്ല!
  • സമുദ്രങ്ങള്‍ അല്പം കൂടി ആഴമുള്ളതായിരുന്നെങ്കില്‍ കാര്‍ബണ്‍ ഡയോക്സൈഡ് മുഴുവന്‍ അവ വലിച്ചെടുക്കുകയും സസ്യങ്ങളുടെ നിലനില്പ് അവതാളത്തില്‍ ആകുകയും ചെയ്യുമായിരുന്നു!
ഇവ ജീവന്റെ നിലനില്പിനാവശ്യമായ ചില ഘടകങ്ങള്‍ മാത്രം! എന്താണ് ഇവയെല്ലാം വളരെ യാദൃശ്ചികമായി നമ്മുടെ അസ്തിത്വത്തിന് അനുകൂലമായി വരാനുള്ള സാധ്യത? അത് കൊണ്ട് ഞാന്‍ വിശ്വസിക്കുന്നു ഈ മഹാ പ്രപഞ്ചത്തിനു ഒരു സംവിധായകനുണ്ടെന്ന്!

(തുടരും...)