Search This Blog

Thursday, May 29, 2014

പിശുക്ക് ലാഭമല്ല, നഷ്ടമാണ്

പിശുക്ക് ലാഭമല്ല, നഷ്ടമാണ്
നബി(സ) പറഞ്ഞു: ”നിങ്ങള്‍ പിശുക്കിനെ സൂക്ഷിക്കുക. പൂര്‍വസമുദായങ്ങളെ നശിപ്പിച്ചത് പിശുക്കാണ്. രക്തം ചിന്താനും ആദരിക്കേണ്ടതിനെ അനാദരിക്കാനും അത് അവരെ പ്രേരിപ്പിക്കും.” (മുസ്്‌ലിം)
സമ്പത്തും സൗകര്യങ്ങളുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ പെട്ടതാണ്. അവന്‍ ഇച്ഛിക്കുംപോലെ അവ വിനിയോഗിക്കുകയും പങ്കുവെക്കുകയും ചെയ്യുമ്പോേഴ അവയുടെ ശരിയായ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുകയുള്ളു. എന്നാല്‍ മനുഷ്യരധികവും ധനത്തോട് താല്‍പര്യമുള്ളവരാണ്. എത്രതന്നെ സമ്പത്തുണ്ടെങ്കിലും തന്റെ ആവശ്യത്തിന് വേണ്ടത്ര ധനം ഇനിയുമായിട്ടില്ല എന്നാണ് അധിക മനുഷ്യരും ചിന്തിക്കുന്നത്. ഇത്തരം സങ്കുചിത ചിന്തകളാണ് മനുഷ്യനെ പിശുക്കനാക്കി മാറ്റുന്നത്.
പിശുക്ക് പാരമ്പര്യമായി പകര്‍ന്നുകിട്ടുന്ന ഒരു രോഗമല്ല. എന്നാല്‍ പിശുക്കിപ്പിടിച്ച് ജീവിക്കുന്ന മാതാപിതാക്കളെ അനുകരിക്കുന്ന മക്കള്‍ ലുബ്ധരായിത്തീരാനിടയുണ്ട്. സാമ്പത്തികകാര്യങ്ങളില്‍ മാത്രമല്ല പിശുക്ക് കാണപ്പെടുന്നത്. സ്‌നേഹിക്കുന്നതില്‍, അഭിവാദനം അര്‍പ്പിക്കുന്നതില്‍, അഭിനന്ദിക്കുന്നതില്‍, പ്രചോദനം നല്‍കുന്നതില്‍, എന്തിന്, മനസ്സറിഞ്ഞ് പുഞ്ചിരിക്കുന്നതില്‍ വരെ ഇന്ന് പിശുക്ക് വ്യാപകമായിരിക്കുന്നു. ഇത്തരം വൈകാരിക ലുബ്ധ് കുടുംബ-സുഹൃദ്-സാമൂഹ്യബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയേക്കാവുന്ന അപകടകരമായ ഒരു പ്രവണതയാണ്.

മനുഷ്യനെ നശിപ്പിക്കുന്ന ഒരു ദുര്‍ഗുണമായിട്ടാണ് ഇസ്്‌ലാം പിശുക്കിനെ പരിചയപ്പെടുത്തുന്നത്. മനുഷ്യനെ നശിപ്പിക്കുന്ന മൂന്ന് കാര്യങ്ങള്‍ മുഹമ്മദ് നബി(സ) ഒരിക്കല്‍ എടുത്തുപറഞ്ഞപ്പോള്‍ ഒന്നാമതായി അവിടുന്ന് എണ്ണിയത് പിശുക്കിനെക്കുറിച്ചാണ്. അത് പരസ്പരം കലഹിക്കുന്നതിനും കുടുംബബന്ധങ്ങള്‍ വിഛേദിക്കുന്നതിനും പ്രേരിപ്പിക്കുമെന്നും ഹദീഥുകളില്‍ കാണാം.
സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ വേണ്ടി ഒന്നും ചെലവഴിക്കാതെ പണം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് ഉപകാരപ്പെടാത്ത വന്‍ സമ്പാദ്യം ബാക്കിവെച്ച് മരണപ്പെട്ട പലരെയും കുറിച്ച് നാം പത്രങ്ങളില്‍ വായിക്കാറുണ്ട്. പിശുക്കിന്റെ ദുരന്തഫലം കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് അത്തരക്കാര്‍ക്കായിരിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാത്തവരെപ്പറ്റി ക്വുര്‍ആന്‍ പറയുന്നത് കാണുക. ”ഹേ കൂട്ടരെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്ക് കാണിക്കുന്നപക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്. അല്ലാഹുവാകട്ടെ, പരാശ്രയമുക്തനാകുന്നു. നിങ്ങളോ, പരമദരിദ്രന്‍മാരും. നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട് അവര്‍ നിങ്ങളെ പോലെയായിരിക്കുകയില്ല.”(47: 38).
സമ്പത്തിന്റെ യഥാര്‍ഥ ഉടമ അതു നല്‍കിയവനായ അല്ലാഹുവാണ്. അവന്റെ നിര്‍ദേശപ്രകാരമാണ് അതിന്റെ ക്രയവിക്രയം നടത്തേണ്ടത്. ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ പിശുക്കി പിടിക്കുന്നതും അതിന് പ്രേരിപ്പിക്കുന്നതും പാരത്രിക ലോകത്ത് ശിക്ഷാര്‍ഹമായ കാര്യമാകുന്നു. ക്വുര്‍ആന്‍ പറയുന്നു: ”പിശുക്ക് കാണിക്കുകയും പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്‍ക്ക് അല്ലാഹു തന്റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചുവെയ്ക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്”(4:37).
”എന്നാല്‍ ആര്‍ പിശുക്ക് കാണിക്കുകയും സ്വയംപര്യാപ്തത നടിക്കുകയും ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചുതള്ളുകയും ചെയ്യുന്നുവോ അവന് നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കി കൊടുക്കുന്നതാണ്. അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്റെ ധനം അവന് പ്രയോജനപ്പെടുന്നതല്ല.”(92:8-11)
ധനികരെയും ദരിദ്രരെയും ഒരുപോലെ ബാധിക്കുന്ന രോഗമാകുന്നു പിശുക്ക്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള ധാരണയില്ലായ്മ ലുബ്ധതയുടെ മുഖ്യകാരണങ്ങളിലൊന്നാണ്. ശരിയായ വിശ്വാസം സ്വീകരിക്കുകയാണ് പിശുക്കില്‍നിന്നും രക്ഷപ്പെടാനുള്ള ആത്യന്തിക മാര്‍ഗം.
നബി(സ) പറഞ്ഞു: ”വിശ്വാസവും പിശുക്കും ഒരാളുടെ മനസ്സില്‍ ഒരിക്കലും ഒന്നിക്കുകയില്ല.” (നസാഈ). ”പിശുക്കന്‍ അല്ലാഹുവില്‍നിന്നും സ്വര്‍ഗത്തില്‍നിന്നും മനുഷ്യരില്‍നിന്നും അകന്നവനാണ്, നരകവുമായി അടുത്തവനും.” (തുര്‍മുദി).

No comments:

Post a Comment